05:51am 15 November 2026
NEWS
മൈക്രോസോഫ്റ്റ് സേവനങ്ങളിലെ ആഗോള തകരാർ; ഇ-മെയിലും ഓഫിസ് പ്രവർത്തനങ്ങളും താളംതെറ്റി, പ്രതിസന്ധി രണ്ടാം ദിവസവും
14/11/2026  12:26 PM IST
nila
മൈക്രോസോഫ്റ്റ് സേവനങ്ങളിലെ ആഗോള തകരാർ; ഇ-മെയിലും ഓഫിസ് പ്രവർത്തനങ്ങളും താളംതെറ്റി, പ്രതിസന്ധി രണ്ടാം ദിവസവും

 

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ ആശ്രയിച്ചുള്ള മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ഉണ്ടായ ആഗോള സാങ്കേതിക തകരാർ ബിസിനസ് മേഖലയുടെ പ്രവർത്തനങ്ങളെയും ദൈനംദിന ആശയവിനിമയത്തെയും സാരമായി ബാധിച്ചു. ഔട്ട്‌ലുക്ക് ഇ-മെയിൽ, മൈക്രോസോഫ്റ്റ് ടീംസ്, എഐ അസിസ്റ്റന്റായ കോപൈലറ്റ് എന്നിവയുൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങളാണ് തടസപ്പെട്ടത്. വെള്ളിയാഴ്ച പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ പുരോഗതിയുണ്ടെന്ന് കമ്പനി അറിയിച്ചു. എന്നാൽ ചില ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ ലോഗിൻ തടസങ്ങളും ഇ-മെയിലുകൾ ലഭിക്കുന്നതിൽ കാലതാമസവും തുടരാമെന്നും മുന്നറിയിപ്പുണ്ട്.

ദൈനംദിന ജോലികൾക്കായി ഉപയോക്താക്കൾ മൈക്രോസോഫ്റ്റ് സേവനങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും ഉണ്ടായ തടസങ്ങളിൽ ഖേദിക്കുന്നതായും കമ്പനി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. അമേരിക്കയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രശ്നങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. ഒരു മണിക്കൂറിനുള്ളിൽ 74 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും സേവനതകരാർ സംബന്ധിച്ച പരാതികൾ ലഭിച്ചതായി ഓൺലൈൻ ഔട്ടേജ് നിരീക്ഷണ പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടർ അറിയിച്ചു.

തകരാർ ബാധിച്ചവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. എന്നാൽ മൈക്രോസോഫ്റ്റ് 365ന് 45 കോടിയിലധികം പണമടച്ചുള്ള വാണിജ്യ സബ്‌സ്‌ക്രിപ്ഷനുകളുണ്ടെന്നാണ് കമ്പനി ഈ വർഷം ജനുവരിയിൽ അറിയിച്ചിരുന്നത്.

സാങ്കേതിക തകരാർ അപ്‌ഗ്രേഡിനിടെ

സമീപകാല നെറ്റ്‌വർക്ക് മാറ്റത്തിനു പിന്നാലെ നടത്തിയ അപ്‌ഗ്രേഡിനിടെയാണ് സാങ്കേതിക പ്രശ്നം ഉണ്ടായതെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. ചില സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതും പ്രതിസന്ധി രൂക്ഷമാക്കി. എക്സ്ചേഞ്ച് ഓൺലൈൻ മെയിൽബോക്സുകളിലെ തകരാർ പരിഹരിക്കുന്നതിനായി എൻജിനീയർമാർ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ സേവനങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുകയായിരുന്നു.

ഇ-മെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും ഇൻബോക്സ് തുറക്കാൻ പോലും സാധിക്കുന്നില്ലെന്നും നിരവധി ഔട്ട്‌ലുക്ക് ഉപയോക്താക്കൾ പരാതിപ്പെട്ടു. നോർത്ത് അമേരിക്കയിൽ മൈക്രോസോഫ്റ്റ് ടീംസ് സേവനം പുനഃസ്ഥാപിച്ചതായി കമ്പനി വ്യാഴാഴ്ച അറിയിച്ചെങ്കിലും ചിലയിടങ്ങളിൽ കണക്ടിവിറ്റി പ്രശ്നങ്ങൾ തുടർന്നു. വെള്ളിയാഴ്ചയോടെ ഇ-മെയിൽ സന്ദേശങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യം വലിയ തോതിൽ കുറഞ്ഞതായും സാധാരണ നിലയിലേക്ക് അടുക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, തകരാറിന് പിന്നിൽ സൈബർ ആക്രമണമോ മറ്റ് ദുരുദ്ദേശപരമായ ഇടപെടലുകളോ ഉണ്ടായതായി സൂചനയില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. എഐ ഏജന്റുകളുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും കമ്പനി വിശദീകരിച്ചു.

കോടതിമുതൽ ഫാർമസികൾ വരെ പ്രതിസന്ധി

മൈക്രോസോഫ്റ്റ് സേവനങ്ങളുടെ തകരാർ വിവിധ രാജ്യങ്ങളിലെ പൊതുസേവനങ്ങളെയും ബാധിച്ചു. ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ കോടതിയിലെ വിചാരണ നടപടികൾ തടസപ്പെട്ടു. സാങ്കേതിക പ്രശ്നത്തെ തുടർന്ന് നടപടികൾ വൈകിയതോടെ ജഡ്ജി മൗറിസ് ഗ്രീൻ ജൂറിമാരെ മടക്കി അയച്ചു. പൊതുസേവനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മൈക്രോസോഫ്റ്റുമായി സഹകരിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

ഓൺലൈനായി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും ബ്രിട്ടനിൽ തടസപ്പെട്ടു. അടിയന്തര ആവശ്യങ്ങൾക്ക് ഫോൺ വഴി ബന്ധപ്പെടണമെന്ന് പൊലീസ് ജനങ്ങളോട് നിർദേശിച്ചു. അമേരിക്കയിലെ കൊളറാഡോയിലെ അരപഹോ കൗണ്ടി ഷെരീഫ് ഓഫീസിലും ഓൺലൈൻ ജാമ്യത്തുക അടയ്ക്കുന്ന സംവിധാനം പ്രവർത്തനരഹിതമായി.

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിനെയും തകരാർ ബാധിച്ചു. ഡോക്ടർമാർക്ക് ഫാർമസികളിലേക്ക് ഇ-മെയിൽ വഴി മരുന്ന് കുറിപ്പുകൾ അയയ്ക്കുന്നതിൽ തടസമുണ്ടാകുമെന്ന ആശങ്ക ഉയർന്നു. മരുന്നുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടാകാമെന്ന് നാഷണൽ ഫാർമസി അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഫാർമസികളിലെ തിരക്ക് വർധിക്കാനും ചില മരുന്നുകളുടെ വിതരണം വൈകാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

സിംഗപ്പൂർ, ജപ്പാൻ, ഗ്രീസ്, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഇ-മെയിൽ ആശയവിനിമയത്തെയും തകരാർ ബാധിച്ചു. ഹോങ്കോങ്ങിലെ ചില ബാങ്കുകളിലും പ്രതിസന്ധി റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ ഉപഭോക്താക്കളിൽ നിന്നുള്ള ബിസിനസ് വിവരങ്ങൾ ഔട്ട്‌ലുക്ക് വഴി ലഭിക്കാത്തത് ഉൽപാദന സമയക്രമത്തെ ബാധിക്കുമെന്ന് ഹോങ്കോങ്ങിലെ അലുമിനിയം വ്യവസായ സംരംഭകനായ ഡാനി ലോ പറഞ്ഞു.

മൈക്രോസോഫ്റ്റ് 365 സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ എഐ കമ്പനികൾക്കും പ്രശ്നങ്ങൾ നേരിട്ടു. വിവിധ കമ്പനികളുടെ സോഫ്റ്റ്‌വെയറുകളുമായി എഐ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ബന്ധിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം തകരാറുകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തിയും ഇതോടെ വ്യക്തമായി.

ക്രൗഡ്‌സ്ട്രൈക്ക് തകരാറിന്റെ ഓർമപ്പെടുത്തൽ

2024ൽ ക്രൗഡ്‌സ്ട്രൈക്ക് സോഫ്റ്റ്‌വെയറിലെ തെറ്റായ അപ്‌ഡേറ്റിനെ തുടർന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് കംപ്യൂട്ടറുകൾ വ്യാപകമായി പ്രവർത്തനരഹിതമായ സംഭവം ഈ പ്രതിസന്ധിയുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട്. അന്ന് വിമാന സർവീസുകൾ, ആശുപത്രികൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ സ്തംഭിച്ചിരുന്നു.

വൻകിട അമേരിക്കൻ സാങ്കേതിക കമ്പനികളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതയാണ് പുതിയ തകരാർ വീണ്ടും ചർച്ചയാക്കുന്നത്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കായി ചുരുക്കം ചില കമ്പനികളെ മാത്രം ആശ്രയിക്കുന്നത് രാജ്യങ്ങളുടെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും പൊതുസേവനങ്ങളെയും ബാധിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ബ്രിട്ടന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ ആവശ്യമായ പ്രതിരോധശേഷിയില്ലെന്ന് പാർലമെന്റിന്റെ ശാസ്ത്ര-സാങ്കേതിക സമിതി അധ്യക്ഷ ചി ഓൺവുറ പറഞ്ഞു. ഏതാനും അമേരിക്കൻ കമ്പനികളെ അമിതമായി ആശ്രയിക്കുന്നത് ആഭ്യന്തര സാങ്കേതിക ബദലുകളുടെ വളർച്ചയ്ക്കും തടസമാകുന്നുവെന്നാണ് അവരുടെ വിമർശനം.

ജർമനിയിലെ ബിസിനസ് മേഖലയെയും തകരാർ വ്യാപകമായി ബാധിച്ചതായി ഡിജിറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. എന്നാൽ സർക്കാർ തലത്തിൽ വലിയ പ്രതിസന്ധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ബദൽ സംവിധാനങ്ങളും അധിക സുരക്ഷാ സംവിധാനങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് ജർമൻ അധികൃതരും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img